mk 的个人资料mkbhasi's space照片日志列表 工具 帮助

日志


1月4日

പുതുവത്സരപ്പുലരിയില്‍

സുപ്രഭാതമേ!പൊട്ടി
വിരിയൂ; വാടാമല
രായിനീ സുഗന്ധങ്ങള്‍
ചൊരിയൂ; മനസ്സിന്‍റെ
ശ്രീകോവില്‍ പ്പടികളില്‍
ശ്ശംഖനാദമായ്‌വന്നു
നീമുഴങ്ങുമാശബ്ദം
കേട്ടു ഞാനുണരാവൂ.

കരിനാഗങ്ങള്‍ ചുറ്റി
പ്പിണയു൦, നൂറും പാലും
നുണയും നീലക്കാവി
ലുറങ്ങി ക്കിടന്നു ഞാന്‍.

തലയില്‍ ത്തീയും കൊണ്ടു
ഭൂതങ്ങല്‍ നൃത്തം വയ്‌ക്കും
ഇരുളിന്‍ ചുടുകാട്ടില്‍
മയങ്ങിക്കിടന്നു ഞാന്‍.

തെച്ചിപ്പൂമൊട്ടാല്‍ രക്ത
മാലകള്‍ ചാര്‍ത്തിദ്ദുര്‍ഗ്ഗാ
വിഗ്രഹമുറപ്പിച്ച
കാവുകള്‍ തോറും ഭക്തി
നമ്രമെന്‍മനസ്സിന്‍റെ
ഭീതികള്‍ മിഴിയട
ച്ചെത്രനാള്‍ നിന്നൂ
പൂജാതല്‍പവുമേന്തിക്കൈയില്‍.

തുളസിത്തറകളില്‍
കല്‍വിളക്കുകള്‍ കത്തി
ക്കരിവീണതാം തറ
വാടിതു തകര്‍ന്നപ്പോള്‍
പരദേവതമാരേ!
നിങ്ങള്‍ തന്‍ പ്രീതിക്കായി
പുള്ളുവന്‍ പാട്ടിന്‍-
നാദമൊഴുകീ രാവില്‍ പ്പോലും.

പറമ്പും നിലങ്ങളും
ജപ്തിയില്‍ പ്പോയീ; പക്ഷേ
മുടങ്ങിപ്പോയില്ലല്ലോ
നിങ്ങള്‍ക്കു നൈവേദ്യങ്ങള്‍.

നിര്‍വികാരരായ്‌ ശിലാ
വിഗ്രഹങ്ങളേ! നിന്നൂ
നിങ്ങളെന്നിട്ടും നിത്യ
നിശ്ശബ്ദസമാധിയില്‍.

ചന്ദന മരക്കൊമ്പില്‍
സര്‍പ്പങ്ങളുറങ്ങുമ്പോള്‍
ഇന്നലെ നിശാഗന്ധി
ച്ചുവട്ടില്‍ ക്കുഴിവെട്ടി
മൂടി ഞാനെന്നുള്ളിലെ
ബ്ഭീതിയും ഗതകാല-
മൂഢവിശ്വാസങ്ങള്‍ തന്‍
ജഡഭാവനകളും.

വരുനീ ജ്യോതിര്‍മ്മയി!
സുപ്രഭാതമേ! നവ-
ദര്‍ശനോജ്വലയായി
നീയെഴുന്നള്ളും വഴി-
വക്കിലായ്‌ വെളിച്ചത്തിന്‍
ഗോപുരകവാടങ്ങള്‍
തുറന്നെന്‍ മനസ്സിതാ
കാത്തുനില്‍ക്കുന്നൂ നിന്നെ.